This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള ലളിതകലാ അക്കാദമി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള ലളിതകലാ അക്കാദമി

കേരള ലളിതകലാ അക്കാദമി

ചിത്രകല, ശില്പകല തുടങ്ങിയ ലളിതകലകളുടെ സംരക്ഷണം, ഉദ്ധാരണം, സംസ്ഥാപനം, പോഷണം എന്നിവ ലക്ഷ്യമാക്കി കേരളസര്‍ക്കാര്‍ ആരംഭിച്ച ഒരു സാംസ്കാരിക സ്ഥാപനം. 1955-ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്റററി സയന്റിഫിക് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്റ്റ് അനുസരിച്ചാണ് ഈ അക്കാദമി രൂപവത്കരിച്ചിരിക്കുന്നത്. കേരള സര്‍ക്കാരിന്റെ ധനസഹായത്തോടും അംഗീകാരത്തോടും കൂടി 1962 ന. 22-ന് അക്കാദമി സ്ഥാപിതമായി. കേരളത്തിന്റെ വൈവിധ്യമാര്‍ന്ന കലാപാരമ്പര്യത്തിന്റെ ശാസ്ത്രീയ സംരക്ഷണത്തോടൊപ്പം, സമകാലീന കലാസമ്പ്രദായങ്ങളുടെ പരിപാലന വികാസവും ലളിതകലാ അക്കാദമിയുടെ ലക്ഷ്യമാണ്. ചിത്ര-ശില്പകലാരംഗത്ത് പ്രവര്‍ത്തിക്കുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക, പ്രദര്‍ശനങ്ങള്‍ നടത്തുക, മത്സരങ്ങള്‍ സംഘടിപ്പിക്കുക, മികച്ച കലാസൃഷ്ടികള്‍ കാഴ്ചവയ്ക്കുന്ന കലാകാരന്മാരെ അവാര്‍ഡുകളും പാരിതോഷികങ്ങളും നല്‍കി ആദരിക്കുക എന്നീ പ്രവര്‍ത്തനങ്ങളും കേരള ലളിതകലാ അക്കാദമി നിര്‍വഹിച്ചുവരുന്നു. ദൃശ്യകലകളെ സംബന്ധിച്ച ഗവേഷണം, പഠനം, പരിശീലനം; കലകളെ സംബന്ധിച്ച പുസ്തകങ്ങളുടെയും ജേണലുകളുടെയും പ്രസിദ്ധീകരണം; കളമെഴുത്ത്, കോലം തുടങ്ങിയ പരമ്പരാഗത കലകളുടെ പ്രോത്സാഹനം; ആധുനികവും പരമ്പരാഗതവുമായ കലകളുടെയും കലാകാരന്മാരുടെയും ഉന്നമനത്തിനായുള്ള പദ്ധതികള്‍ എന്നിവകൂടി അക്കാദമി ലക്ഷ്യമാക്കുന്നു. തൃശൂരാണ് ഈ അക്കാദമിയുടെ ആസ്ഥാനം. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അക്കാദമിയുടെ കീഴിലുള്ള ആര്‍ട്ട് ഗാലറികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

എം. രാമവര്‍മരാജ ആയിരുന്നു ലളിതകലാ അക്കാദമിയുടെ പ്രഥമ ചെയര്‍മാന്‍. കെ.ആര്‍. രവിവര്‍മ, മലയാറ്റൂര്‍ രാമകൃഷ്ണന്‍, എം.വി. ദേവന്‍, കാനായി കുഞ്ഞിരാമന്‍, സി.കെ.രാ എന്നിവരും അക്കാദമി ചെയര്‍മാന്മാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ചിത്ര-ശില്പകലകള്‍ക്കു പുറമേ സമകാലീന കലാരൂപങ്ങളായ ഗ്രാഫിക്, ഇന്‍സ്റ്റലേഷന്‍, ഫോട്ടോഗ്രഫി, മറ്റ് ഡിജിറ്റല്‍ ആര്‍ട്ട് മാധ്യമങ്ങള്‍ എന്നിവയുടെ പരിപോഷണവും ലളിതകലാ അക്കാദമി നിര്‍വഹിച്ചുപോരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍